അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് മസ്‌കത്തിൽ തുടക്കം; 14 രാജ്യങ്ങളിൽ നിന്നായി 144 താരങ്ങൾ മാറ്റുരയ്ക്കും

 

കായിക പ്രേമികൾ കാത്തിരുന്ന അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ശനിയാഴ്ച തുടക്കമാകും. സാംസ്‌കാരിക, കായിക, യുവജനകാര്യ മന്ത്രി സയ്യിദ് തയ്സീൻ ബിൻ ഹൈതം അൽ സഈദിന്റെ നേതൃത്വത്തിൽ ഒമാൻ ഷൂട്ടിങ് അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 25 വരെ നാഷനൽ ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്‌സിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.

റൈഫിൾ, എയർഗൺ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 അറബ് രാജ്യങ്ങളിൽ നിന്നുള്ള 144 പുരുഷ-വനിത താരങ്ങളാണ് പങ്കെടുക്കുന്നത്. അറബ് രാജ്യങ്ങളിലെ കായിക ഫെഡറേഷനുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക, ഷൂട്ടിങ് കായികരംഗത്തിന് വലിയ പ്രോത്സാഹനം നൽകുക, സാങ്കേതിക അറിവുകൾ പരസ്പരം കൈമാറുക എന്നിവയാണ് ഈ ചാമ്പ്യൻഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

താരങ്ങളുടെ പ്രകടന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ദേശീയ ടീമുകളുടെ മത്സരക്ഷമത ഉയർത്താനും ഇത്തരം രാജ്യാന്തര ടൂർണമെന്റുകൾ സഹായകമാകുമെന്ന് സംഘാടകർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ആവേശകരമായ പോരാട്ടങ്ങൾക്കാണ് നാഷനൽ ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്‌സ് സാക്ഷ്യം വഹിക്കുക.