അറഫാ സംഗമം: ഹാജിമാർ വൈകുന്നേരം 4 മണി വരെ ക്യാമ്പുകളിൽ തുടരണമെന്ന് നിർദ്ദേശം
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് കർശന നിർദ്ദേശങ്ങളുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. പകൽ സമയത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തീർത്ഥാടകർ വൈകുന്നേരം 4 മണി വരെ അതത് ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി. അറഫാ ദിനത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറഫാ പ്രഭാഷണം വിവിധ ദൃശ്യമാധ്യമങ്ങൾ വഴി എല്ലാ ക്യാമ്പുകളിലും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. അതിനാൽ തീർത്ഥാടകർ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഹജ്ജ് സംഘങ്ങൾ നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെ അല്ലാതെ മറ്റ് പാതകളിലൂടെ സഞ്ചരിക്കരുത്. അപകടസാധ്യതയുള്ളതിനാൽ ജബലു റഹ്മ മലയുടെ മുകളിലേക്ക് കയറുന്നതിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.