'ഏലിയനുകളും യു.എഫ്.ഒകളും യഥാർത്ഥമോ?'; സർക്കിൾ ആകൃതിയിലുള്ള നിഗൂഢ വസ്തുക്കളെക്കുറിച്ച് ട്രംപിന്റെ വെളിപ്പെടുത്തൽ
അന്യഗ്രഹജീവികളെയും അജ്ഞാത പറക്കും വസ്തുക്കളെയും (UFO) കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വേഗതയേറിയ എഫ്-22 (F-22) ഫൈറ്റർ ജെറ്റുകളേക്കാൾ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന നിഗൂഢമായ പറക്കും വസ്തുക്കൾ കണ്ടതായി യു.എസ് എയർഫോഴ്സ് പൈലറ്റുമാർ തന്നോട് വെളിപ്പെടുത്തിയതായി ട്രംപ് പറഞ്ഞു. സി.ബി.എസ് (CBS) ചാനലിന്റെ '60 മിനിറ്റ്സ്' പരിപാടിയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
താൻ യു.എഫ്.ഒകളിൽ വിശ്വസിക്കുന്ന ആളല്ലെങ്കിലും ഓവൽ ഓഫീസിൽ വെച്ച് പൈലറ്റുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങൾ തികച്ചും വിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് ട്രംപ് പറഞ്ഞു. മിന്നൽ വേഗത്തിൽ സഞ്ചരിച്ച ആ നിഗൂഢ വസ്തു വിമാനങ്ങളുടെ സാധാരണ രൂപകൽപ്പനയിലുള്ള ഒന്നല്ലെന്നും വൃത്താകൃതിയിലുള്ളതാണെന്നും പൈലറ്റുമാർ വിവരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, യു.എഫ്.ഒ സംബന്ധിച്ച രേഖകൾ പരസ്യപ്പെടുത്താൻ പെന്റഗണിന് ട്രംപ് ഭരണകൂടം നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ദശകങ്ങൾ പഴക്കമുള്ള എഫ്.ബി.ഐ (FBI) രേഖകളും വ്യോമസേനയുടെ ദൃശ്യങ്ങളും അടങ്ങുന്ന വിവരങ്ങൾ പെന്റഗൺ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇവയിൽ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സാന്നിധ്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പെന്റഗൺ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.