യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകർക്ക് മെയ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശോധന
യുഎഇയിലെ തൊഴിൽ വിപണിയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനുമായി വർക്ക് പെർമിറ്റ് അപേക്ഷകരെ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും ഉപയോഗിച്ചുള്ള പുതിയ സംവിധാനം മെയ് മാസം മുതൽ നടപ്പിലാക്കുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP), മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് അൽഗോരിതങ്ങൾ ഉപയോഗിച്ച് അപേക്ഷകരുടെ നൈപുണ്യം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, അറിവ് എന്നിവ വിലയിരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നൂതന സാമ്പത്തിക വ്യവസ്ഥയുടെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ ശക്തിയുടെ ഗുണനിലവാരം ഉറപ്പാക്കാനും നിയമന തീരുമാനങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ള വസ്തുനിഷ്ഠമായ മൂല്യനിർണ്ണയ സംവിധാനമാണ് ഇത്. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 'ഏജന്റിക് എഐ' (Agentic AI) മാതൃകകൾ സർക്കാർ പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫെഡറൽ മേഖലകളിലെ 50 ശതമാനം സേവനങ്ങളും പ്രവർത്തനങ്ങളും എഐ അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറ്റുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം.
കേവലം ഓട്ടോമേഷന് അപ്പുറം ഡാറ്റ വിശകലനം ചെയ്യാനും ശുപാർശകൾ നൽകാനും മനുഷ്യ ഇടപെടൽ കുറച്ചുകൊണ്ട് പ്രക്രിയകൾ നിയന്ത്രിക്കാനും ഈ എഐ സംവിധാനങ്ങൾക്ക് സാധിക്കും. കാര്യക്ഷമത വർദ്ധിപ്പിക്കുക, ചിലവ് കുറയ്ക്കുക, വേഗത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ അധികൃതർ പ്രതീക്ഷിക്കുന്നത്. ഷെയ്ഖ് മൻസൂർ ബിൻ സായിദിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ആണ് ഈ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പിലൂടെ ആഗോളതലത്തിൽ വിദഗ്ധ പ്രൊഫഷണലുകളുടെ കേന്ദ്രമായി യുഎഇയെ മാറ്റാൻ ഈ പദ്ധതി സഹായിക്കും.