കൃത്രിമ മഴ സ്റ്റേഷൻ ഖസബിൽ സ്ഥാപിച്ചു; രാജ്യത്തെ മഴയുടെ അളവിൽ വർധനവ് ലക്ഷ്യം
മുസന്ദം ഗവർണറേറ്റിലെ ഖസബിൽ കൃത്രിമ മഴ സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി വിജയകരമായി പൂർത്തിയായി. മേഖലയിൽ ലഭിക്കുന്ന മഴയുടെ അളവ് വർധിപ്പിക്കുകയും ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കിയത്. സ്റ്റേഷന്റെ സ്വാധീന പരിധി വടക്കുപടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലായി ഏകദേശം 70 കിലോമീറ്റർ വരെ വ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദമായ അയോണൈസേഷൻ സാങ്കേതികവിദ്യയാണ് കൃത്രിമ മഴയ്ക്കായി ഒമാൻ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. വായുവിലേക്ക് നെഗറ്റീവ് അയോണുകൾ കടത്തിവിട്ട് മേഘങ്ങൾ ഘനീഭവിപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണിത്. ഖസബിലെ പുതിയ സ്റ്റേഷൻ ഉൾപ്പെടെ നിലവിൽ രാജ്യത്തുടനീളം 14 കൃത്രിമ മഴ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഹജർ മലനിരകളുടെ വിവിധ ഭാഗങ്ങളിലായി 11 സ്റ്റേഷനുകളും ദോഫാറിൽ രണ്ട് സ്റ്റേഷനുകളുമാണ് നിലവിലുള്ളത്.
കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പ്രകാരം ഈ പദ്ധതിയിലൂടെ രാജ്യത്തെ മഴയുടെ അളവിൽ 15 മുതൽ 18 ശതമാനം വരെ വർധനവ് ഉണ്ടായതായി മന്ത്രാലയം സ്ഥിരീകരിച്ചു. സ്റ്റേഷനുകൾ സ്ഥാപിക്കാൻ പ്രയാസമുള്ള മലനിരകളിൽ ക്ലൗഡ് സീഡിങ്ങിനായി ഡ്രോണുകൾ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളും മന്ത്രാലയം നടത്തിവരികയാണ്.