ഏഷ്യൻ ഗെയിംസ്: ബീച്ച് വോളിബാളിലും പാഡലിലും ഖത്തറിന് സ്വർണം

 

ഏഷ്യൻ ഗെയിംസ് ബീച്ച് വോളിബാളിൽ ഇന്തോനേഷ്യയെ 2-1 ന് പരാജയപ്പെടുത്തി ഖത്തറിന്റെ ഷെരീഫ് യൂനൂസ് - അഹമ്മദ് തിജാൻ സഖ്യം ഹാട്രിക് സ്വർണം സ്വന്തമാക്കി. 2018 ജക്കാർത്ത, 2022 ഹാങ്‌ഷൂ ഏഷ്യൻ ഗെയിംസുകളിലും ഇവരായിരുന്നു സ്വർണനേട്ടക്കാർ. ക്വാർട്ടറിൽ ഇറാനെയും സെമിയിൽ തായ്‌ലൻഡിനെയും തോൽപ്പിച്ചാണ് ഈ ഒളിമ്പിക് വെങ്കല മെഡൽ ജേതാക്കൾ ഫൈനലിൽ എത്തിയത്.

മറ്റൊരു മത്സരത്തിൽ, പാഡൽ ഇനത്തിൽ മലേഷ്യയെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-1) പരാജയപ്പെടുത്തി ഖത്തറിന്റെ റാഷിദ് നവാഫ് - മഷാരി നവാഫ് സഹോദരങ്ങൾ ചരിത്രപരമായ സ്വർണം നേടി. പാഡലിൽ ഖത്തർ നേടുന്ന ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമെഡലാണിത്. ഈ നേട്ടങ്ങളോടെ 5 സ്വർണം ഉൾപ്പെടെ ഖത്തറിന്റെ ആകെ മെഡൽ നേട്ടം 16 ആയി ഉയർന്നു.