അറേബ്യൻ കാടുകളിലേക്ക് ഏഷ്യൻ സിംഹങ്ങൾ തിരികെയെത്തുന്നു; നിർണായക പദ്ധതിയുമായി സൗദി അറേബ്യ
ഒരുകാലത്ത് അറേബ്യൻ വനമേഖലകളിൽ വിഹരിച്ചിരുന്ന ഏഷ്യൻ സിംഹങ്ങളെ തങ്ങളുടെ സംരക്ഷിത വനത്തിലേക്ക് പുനരധിവസിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. ലോക സിംഹ ദിനത്തോടനുബന്ധിച്ച് 'ഇമാം മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ബോർഡാണ്' ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 24,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള റോയൽ റിസർവിന്റെ പഴയ പാരിസ്ഥിതിക അന്തരീക്ഷം വീണ്ടെടുക്കാനും സ്വാഭാവിക ഭക്ഷണശൃംഖല പുനഃസൃഷ്ടിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പണ്ടുകാലത്ത് ഈ പ്രദേശത്ത് ജീവിച്ചിരുന്നതായി തെളിയിക്കപ്പെട്ട 23 വന്യജീവികളിൽ ഒന്നാണ് ഏഷ്യൻ സിംഹം. റിസർവിലെ പന്ത്രണ്ടിലധികം പാറകളിൽ പ്രാചീന മനുഷ്യർ കോറിയിട്ട സിംഹങ്ങളുടെ ചിത്രങ്ങൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പ് 'ഗ്രീൻ അറേബ്യ' കാലഘട്ടത്തിൽ ആഫ്രിക്കയിൽ നിന്ന് അറേബ്യൻ ഉപദ്വീപിലേക്ക് വലിയ പച്ചപ്പുണ്ടായിരുന്നുവെങ്കിലും, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കടുത്ത വേട്ടയാടൽ കാരണം പ്രദേശത്തുനിന്ന് സിംഹങ്ങൾ പൂർണ്ണമായി വംശമറ്റുപോകുകയായിരുന്നു.
വൻപദ്ധതിയുടെ ഭാഗം
സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുടെ ഭാഗമായി പണ്ടുകാലത്ത് സൗദിയിലുണ്ടായിരുന്ന 23 ഇനം മൃഗങ്ങളെ ഘട്ടംഘട്ടമായി കാട്ടിലേക്ക് തിരികെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 14 ഇനം മൃഗങ്ങളെ വിജയകരമായി വനത്തിൽ തിരികെ വിടുകയും അവയിൽ ചിലവ സ്വാഭാവികമായി പെരുകാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ഐ.യു.സി.എൻ (IUCN) കണക്കുപ്രകാരം നിലവിൽ ലോകത്താകെ 1,100 നും 1,300 നും ഇടയിൽ ഏഷ്യൻ സിംഹങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലെ ഗുജറാത്തിലുള്ള ഗിർ ദേശീയോദ്യാനത്തിലാണ് ഉള്ളത്.