തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം

 

തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. ബാങ്കോക്കിന് 230 കിലോമീറ്റർ വടക്കുകിഴക്കായി നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിൽ ഇന്ന് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്ന് ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അതിവേഗ റെയിൽ പാളം നിർമ്മാണത്തിന് അടിയിലൂടെ പോകവേയാണ് നിർമാണത്തിലിരുന്ന മേൽപ്പാലത്തിൽ നിന്നും ക്രെയിൻ തീണ്ടിക്ക് മുകളിലേക്ക് വീണത്.

ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് പതിച്ചത്. അപകടത്തിൽ ഒരു ബോഗി പൂർണ്ണമായും തകരുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്തു. ട്രെയിനിന് തീപിടിച്ചെങ്കിലും ഉടനെ തന്നെ അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തീ അണച്ചതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രെയിൻ കംപാർട്ടുമെന്റുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. ട്രെയിനിനുള്ളിൽ 200-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.