സിംബാബ്‌വെയിൽ ബോട്ട് മുങ്ങി 44 മരണം; ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

 

ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽ സാംബിയൻ അതിർത്തിയോട് ചേർന്നുള്ള കരിബ തടാകത്തിൽ ബോട്ട് മുങ്ങി 44 പേർ മരിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിൽനിന്ന് 77 പേരെ രക്ഷപ്പെടുത്തി. 94 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ അപകടസമയത്ത് പന്ത്രണ്ട് കുട്ടികൾ ഉൾപ്പെടെ 120-ഓളം യാത്രക്കാരുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

44 പേരുടെ മൃതദേഹങ്ങൾ തടാകത്തിൽനിന്ന് കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. ദുരന്തത്തിന് പിന്നാലെ സംഭവത്തെ സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സൺ മനംഗാഗ്വ 'ദേശീയ ദുരന്തമായി' പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി സൈനിക ബോട്ടുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ബോട്ടിൽ വൻ ആൾത്തിരക്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിലൊന്നായ കരിബ തടാകത്തിൽ സിംബാബ്‌വെ, സാംബിയ രാജ്യങ്ങളുടെ ജലവൈദ്യുത പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.