വാണിജ്യ കപ്പലിന് നേരെ ആക്രമണം; 25 ജീവനക്കാരെ രക്ഷിച്ച് ഒമാൻ നാവികസേന
ഒമാന്റെ മുസന്ദം ഗവർണറേറ്റ് തീരത്തിന് സമീപം വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെത്തുടർന്ന് അപകടത്തിലായ 25 ജീവനക്കാരെ ഒമാൻ റോയൽ നേവി സുരക്ഷിതമായി ഒഴിപ്പിച്ചു. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററുമായി ഏകോപിപ്പിച്ചാണ് നാവികസേന അതിവേഗ രക്ഷാപ്രവർത്തനം നടത്തിയത്. പനാമ പതാക ഘടിപ്പിച്ച 'ആർ.ഐ.ടി.ഐ' (RITI) എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ കപ്പലിൽ വൻ തീപിടിത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ ഒമാൻ നാവികസേന കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും അതിസാഹസികമായി പുറത്തെത്തിക്കുകയായിരുന്നു. സുരക്ഷിത തീരത്തെത്തിച്ച ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി ഒമാൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാർ സുരക്ഷിതരാണെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മാരിടൈം സെക്യൂരിറ്റി സെന്റർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ഈ സംഭവം. കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച ചില എണ്ണക്കപ്പലുകൾ തടഞ്ഞതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, രാജ്യാന്തര കപ്പൽപ്പാതകളിലെ സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര സേനകളും പ്രതികരിച്ചു.