ഹോർമുസ് കടലിടുക്കിൽ എണ്ണടാങ്കറിന് നേരെ ആക്രമണം; ഇറാൻ ലിംപറ്റ് മൈൻ പ്രയോഗിച്ചതായി സംശയം, 27 ഇന്ത്യൻ നാവികർ സുരക്ഷിതർ
ഹോർമുസ് കടലിടുക്കിൽ പനാമ പതാക ഘടിപ്പിച്ച 'എം.ടി ലൂയിസ് 1' (MT Louis 1) എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം. കപ്പലിൽ മലയാളി ജീവനക്കാർ ഉൾപ്പെടെ 27 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഒമാനിലെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോൾ ചെറിയ ബോട്ടിലെത്തിയ അക്രമികൾ കപ്പലിന്റെ ബോഡിയിൽ രണ്ട് ലിംപറ്റ് മൈനുകൾ (Limpet Mines) ഘടിപ്പിച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്ഫോടനത്തെ തുടർന്ന് എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടാകുകയും കപ്പലിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. എന്നാൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം കപ്പൽ യാത്ര പുനരാരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ലൈബീരിയൻ പതാകയുള്ള 'എം.ടി അർസാന' എന്ന കപ്പലിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. രണ്ട് കപ്പലുകളിലുമായി ഉണ്ടായ 29 ഇന്ത്യൻ ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി. 24 മണിക്കൂറിനിടെ അഞ്ച് കപ്പലുകൾക്ക് നേരെയാണ് മേഖലയിൽ ആക്രമണമുണ്ടായത്. പ്രദേശത്ത് സംഘർഷം രൂക്ഷമായ ശേഷം ഹോർമുസ് കടലിടുക്കിൽ ലിംപറ്റ് മൈനുകൾ ഉപയോഗിച്ചുള്ള ആക്രമണം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.