ഖത്തർ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; രണ്ട് പ്രൊജക്റ്റൈലുകൾ പതിച്ചു

 

ഖത്തർ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് ആക്രമണം. മദീനത്ത് ഷമാലിൽ നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിൽ രണ്ട് പ്രൊജക്റ്റൈലുകൾ പതിച്ചത്. ബുധനാഴ്ച രാത്രിയുണ്ടായ സംഭവം യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കപ്പലിലെ ജീവനക്കാരുടെ സുരക്ഷ, കപ്പലിനുണ്ടായ നാശനഷ്ടങ്ങൾ, സമുദ്രപരിസ്ഥിതിക്ക് ആഘാതമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്തുകൂടി സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരമറിയിക്കണമെന്നും യുകെഎംടിഒ നിർദേശം നൽകിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപും ഇതേ മേഖലയ്ക്ക് സമീപം മറ്റൊരു കപ്പലിന് നേരെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.