റിയാദിലും ആക്രമണം; സുരക്ഷാ കാരണങ്ങളാൽ സൗദി വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ, 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ മാഡ്രിഡിലേക്ക്
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിട്ടു. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് താരം കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് മടങ്ങിയത്. 750 കോടി രൂപ വിലമതിക്കുന്ന തന്റെ അത്യാധുനിക സ്വകാര്യ ജെറ്റായ ഗൾഫ് സ്ട്രീം ജി650-ലാണ് റൊണാൾഡോയും പങ്കാളി ജോർജിനയും അഞ്ച് മക്കളും റിയാദിൽ നിന്ന് പറന്നത്.
സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ നസറിന്റെ താരമായ റൊണാൾഡോ സുരക്ഷിത കേന്ദ്രമായ മാഡ്രിഡിലേക്കാണ് പോയതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സൗദി പ്രോ ലീഗ് മത്സരങ്ങൾ നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. റൊണാൾഡോയ്ക്ക് പുറമെ സാദിയോ മാനെ, കരിം ബെൻസെമ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും നിലവിലെ സാഹചര്യത്തിൽ ആശങ്കാകുലരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച രാത്രി റിയാദിൽ നിന്ന് പുറപ്പെട്ട താരം പുലർച്ചെയോടെ മാഡ്രിഡിൽ എത്തിയതായാണ് വിവരം.