യുഎഇയിൽ ആത്മഹത്യാശ്രമം ഇനി കുറ്റമല്ല! നിയമത്തിൽ വൻ മാറ്റം
മാനസികപ്രയാസം അനുഭവിക്കുന്നവരെ കുറ്റവാളികളായി കാണുന്നതിന് പകരം, അവർക്ക് കൈത്താങ്ങാകാൻ യുഎഇ! ആത്മഹത്യാശ്രമം ഇനി ശിക്ഷാർഹമായ കുറ്റകൃത്യമല്ല.രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ യുഎഇ സർക്കാർ ഭേദഗതി വരുത്തി. മാനസികാരോഗ്യ പിന്തുണയും ചികിത്സയും ഉറപ്പാക്കുന്നതിനൊപ്പം , നിയമനടപടികളെക്കുറിച്ചുള്ള ഭയം കാരണം സഹായം തേടുന്നതിൽ നിന്ന് ആളുകൾ പിന്തിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
എന്നാൽ മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. പ്രേരണ നൽകിയതിനെ തുടർന്ന് ആത്മഹത്യാശ്രമം നടത്തുകയും എന്നാൽ കഠിനമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയും ചെയ്താൽ പ്രേരിപ്പിച്ചയാൾക്ക് തടവും പിഴയും ലഭിക്കും. ആത്മഹത്യാശ്രമം കാരണം സ്ഥിരമായ അംഗവൈകല്യമോ 20 ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായാൽ, പ്രേരണ നൽകിയ വ്യക്തിക്ക് 3 മുതൽ 5 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും
ആത്മഹത്യാ പ്രേരണ കാരണം വ്യക്തി മരിക്കുകയാണെങ്കിൽ 5 മുതൽ 7 വർഷം വരെയാണ് തടവുശിക്ഷ. ഒരു വ്യക്തി ആത്മഹത്യയ്ക്ക് പ്രേരണ നൽകിയ ശേഷം സ്വന്തം ഇഷ്ട്പ്രകാരം ഇടപെട്ട് ജീവൻ രക്ഷിക്കുകയാണെങ്കിൽ കോടതിക്ക് അയാൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഭേദഗതി അനുവാദം നൽകുന്നുണ്ട്. എന്നാൽ ഈ സമയത്ത് ഇരയ്ക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ഈ ഇളവ് ലഭിക്കില്ല. 18 വയസ്സിൽ താഴെയുള്ള കുട്ടികളെയോ മാനസിക വളർച്ചയില്ലാത്തവരെയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെങ്കിൽ ഇത് കൊലപാതക കുറ്റത്തിനോ കൊലപാതക ശ്രമത്തിനോ തുല്യമായി കണക്കാക്കും. കൂടാതെ, ആത്മഹത്യാ പ്രേരണാ കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.