രേഖകളില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ കനത്ത പിഴയും 10 വർഷം വിലക്കും; സുരക്ഷ ശക്തമാക്കി സൗദി അറേബ്യ
ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് കർമം ചെയ്യുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ പ്രഖ്യാപിച്ച് സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം. നിയമലംഘനം നടത്തുന്നവർക്ക് 20,000 സൗദി റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. വിവിധ തരം വിസിറ്റ് വിസകളിലെത്തി നിശ്ചിത ഭൂമിശാസ്ത്ര പരിധിക്കുള്ളിൽ തുടരുന്നവർക്കും മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും ഈ നിയമം കർശനമായി ബാധകമായിരിക്കും. ദുൽഹജ്ജ് 14 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക.
മക്ക നഗരം, നഗരത്തിന്റെ ഔദ്യോഗികവും അല്ലാത്തതുമായ പ്രവേശന കവാടങ്ങൾ, സെൻട്രൽ ഏരിയ, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങൾ, അൽ-റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, താൽക്കാലിക നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ സുരക്ഷാ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിൽ വെച്ച് പിടിക്കപ്പെടുന്ന വിദേശികളായ താമസക്കാരെയും മറ്റ് നിയമലംഘകരെയും സൗദിയിൽ നിന്നും ഉടനടി നാടുകടത്തും. കൂടാതെ ഇവർക്ക് 10 വർഷത്തേക്ക് സൗദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തുകയും ചെയ്യും.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹജ്ജ് കർമ്മങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനുമായി എല്ലാ വർഷവും സൗദി ഭരണകൂടം കർശനമായ പരിശോധനകൾ നടത്താറുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ പുണ്യനഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്. അതിനാൽ അനധികൃതമായി ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.