ട്രാഫിക് ബ്ലോക്കിലും ശ്രദ്ധവേണം; യഥാർത്ഥ അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്

 

റോഡിൽ ഏത് സമയത്തും ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും ഡ്രൈവിങ്ങിലെ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഓർമ്മിപ്പിച്ച് അബുദാബി പോലീസ്. വാഹനമോടിക്കുന്നതിനിടയിൽ, പ്രത്യേകിച്ച് ട്രാഫിക് ബ്ലോക്കിലോ സിഗ്നലുകളിലോ വാഹനം നിർത്തിയിടുമ്പോഴോ ഡ്രൈവർമാർ ഫോൺ ഉപയോഗിച്ച് ശ്രദ്ധ തിരിക്കരുതെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി റോഡിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ യഥാർത്ഥ അപകട ദൃശ്യങ്ങൾ പങ്കുവെച്ചാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനം പതുക്കെയാകുമ്പോഴും നിർത്തിയിടുമ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും, ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നതും, ഫോട്ടോകൾ പകർത്തുന്നതും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

വാഹനമോടിക്കുന്നതിനിടയിൽ ഏതെങ്കിലും തരത്തിൽ റോഡിൽ നിന്ന് ശ്രദ്ധ തിരിഞ്ഞ് അപകടമുണ്ടാക്കിയാൽ 800 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ ലഭിക്കുക. യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എല്ലാവരും സുരക്ഷിത ഡ്രൈവിങ് ശീലങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.