സൗദിയിൽ ഇന്ന് മുതൽ ശരത്കാലം; വരും ആഴ്ചകളിൽ ചൂട് കുറയും, രാത്രിയുടെ ദൈർഘ്യമേറും
സൗദി അറേബ്യയിൽ വേനൽക്കാലത്തിന് വിരാമമിട്ട് ഇന്ന് മുതൽ ശരത്കാലത്തിന് ഔദ്യോഗിക തുടക്കമായി. ഇന്ന് പുലർച്ചെ സൗദി സമയം 03:05-നാണ് പുതിയ സീസൺ ആരംഭിച്ചതെന്ന് ജിദ്ദ ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ശരത്കാലത്തിന്റെ തുടക്കത്തിൽ രാവും പകലും തുല്യമായി വരുന്ന അപൂർവ പ്രതിഭാസമായ ഇക്വിനോക്സിന് ശേഷമുള്ള ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കും.
സീസൺ ആരംഭിച്ച ഉടൻ തന്നെ പെട്ടെന്ന് ചൂട് കുറയില്ലെങ്കിലും വരും ആഴ്ചകളിൽ കാലാവസ്ഥയിൽ ക്രമാനുഗതമായ മാറ്റമുണ്ടാകും. നവംബർ മാസത്തോടെ രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും. സീസൺ മാറ്റത്തിന്റെ ഭാഗമായി സൗദി ഉൾപ്പെടെയുള്ള അറേബ്യൻ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. കൂടാതെ, ആർട്ടിക് സർക്കിളിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ രാത്രിയുടെ ദൈർഘ്യം വർധിക്കുന്നതോടെ വടക്കൻ ആകാശത്ത് 'ഓറോറ ബോറിയാലിസ്' പ്രതിഭാസം കൂടുതൽ മനോഹരമായി ദൃശ്യമാകും.