യു.എ.എയിൽ നാളെ മുതൽ ഔദ്യോഗികമായി ശരത്കാലം; താപനില കുറയും, രാത്രിയുടെ ദൈർഘ്യം ഏറും
യു.എ.ഇയിൽ വേനൽക്കാലത്തിന് വിരാമമിട്ട് നാളെ മുതൽ ഔദ്യോഗികമായി ശരത്കാലത്തിന് തുടക്കമാകുന്നു. നാളെ പുലർച്ചെ 4:05-നാണ് പുതിയ സീസൺ ആരംഭിക്കുന്നതെന്ന് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഈ സമയത്ത് കിഴക്കൻ ആകാശത്ത് തണുപ്പിന്റെ വരവറിയിക്കുന്ന നക്ഷത്രങ്ങൾ ദൃശ്യമാകും. ശരത്കാലത്തിന്റെ തുടക്കത്തിൽ രാവും പകലും തുല്യമായി വരുന്ന അപൂർവ പ്രതിഭാസമായ ഇക്വിനോക്സിന് ശേഷമുള്ള ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കും.
സീസണിന്റെ ആദ്യഘട്ടത്തിൽ 39 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുന്ന താപനില, നവംബർ തുടക്കത്തോടെ 31 ഡിഗ്രി സെൽഷ്യസ് മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും. ഡിസംബർ 22-ന് മഞ്ഞുകാലം എത്തുന്നതോടെ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.
സീസണിന്റെ ആദ്യ പകുതിയിൽ അന്തരീക്ഷ ഈർപ്പം കൂടുതലായിരിക്കുമെന്നതിനാൽ പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാം. ഒക്ടോബർ പകുതിയോടെ മഞ്ഞുകാല മേഘങ്ങൾ രൂപപ്പെടുകയും മഴ ലഭിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. അറേബ്യൻ മേഖലയിൽ പുതിയ തൈകളും വിത്തുകളും നടാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശരത്കാലത്തിന്റെ തുടക്കം.