ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരം; ആദരാഞ്ജലികളുമായി ഇന്ത്യൻ പ്രതിനിധി സംഘം
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ ഇന്ത്യൻ പ്രതിനിധി സംഘം ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലെ ഇറാൻ എംബസി ഇരുവരും ഖമനേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഇന്ത്യൻ സർക്കാരിനും രാജ്യത്തെ ജനങ്ങൾക്കും വേണ്ടിയുള്ള ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി എക്സിലൂടെ (X) അറിയിച്ചു. പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ബിഹാർ ലോക്ഭവനും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള വിവിധ മത-രാഷ്ട്രീയ നേതാക്കളുടെ പ്രതിനിധി സംഘവും ഖമനേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതായി എംബസി അറിയിച്ചു.
ഖമനേയിയുടെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രത്യേകം ക്ഷണിച്ചിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഇറാൻ ബന്ധത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും കണക്കിലെടുത്താണ് ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.