ലോക ലിക്വർ അവാർഡിലും "ആയുർവോഡിന്" സ്വർണ്ണത്തിളക്കം:  ആഗോള മത്സര വേദിയിൽ വീണ്ടും ശ്രദ്ധേയമായി ആയുർവേദത്തിൻ്റെ രുചി

 

ഇന്ത്യൻ ഔഷധ പൈതൃകവും യൂറോപ്യൻ നിർമാണ മികവും സമന്വയിപ്പിച്ച് വിപണിയിലെത്തിയ മലയാളിയുടെ മദ്യ ബ്രാൻഡായ ‘ആയുർവോഡ്’ (Ayurvod), ലോക പ്രശസ്തമായ 'വേൾഡ് ലിക്വർ അവാർഡ്‌സ് 2026'-ൽ (World Liqueur Awards) സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ആയുർവേദത്തിന്റെ രുചിക്കൂട്ടുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉണ്ടാക്കിയ മദ്യമാണ് ആയുർവോഡ്. 

അപൂർവ്വ നേട്ടങ്ങളുടെ തുടക്കം

 വിപണിയിലെത്തിയതിന് തൊട്ടുപിന്നാലെ, ഈ വർഷം ആദ്യം നടന്ന 'വാർസോ സ്പിരിറ്റ്സ് കോമ്പറ്റീഷനിൽ' (Warsaw Spirits Competition) ആയുർവോഡ് സ്വർണ്ണ മെഡൽ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വേൾഡ് ലിക്വർ അവാർഡിലെ ഈ പുതിയ നേട്ടവും ബ്രാൻഡിനെ തേടിയെത്തുന്നത്. വിപണിയിലിറങ്ങി ആദ്യ മാസങ്ങളിൽ തന്നെ രണ്ട് പ്രമുഖ അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കുക എന്നത് മദ്യ  വ്യവസായ രംഗത്ത് അപൂർവ്വമായൊരു നേട്ടമാണ്. ഇതോടെ ആഗോള തലത്തിൽ ശ്രദ്ധേയനായ ഒരു പുതിയ കരുത്തനായി മാറാൻ ആയുർവോഡിന് സാധിച്ചു.

ജന്മനാടിനുള്ള സമർപ്പണം

ചരിത്രപ്രസിദ്ധമായ മുസിരിസ് (കൊടുങ്ങല്ലൂർ) തീരത്തുനിന്നുള്ള സംരഭകനും ബ്രാൻഡിന്റെ സ്ഥാപകനുമായ മിഥുൻ മോഹനെ സംബന്ധിച്ചിടത്തോളം, ഈ അംഗീകാരം തന്റെ ജന്മനാടിന്റെ   ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. 

ഇന്ത്യൻ പാരമ്പര്യങ്ങളെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ മിഥുൻ മുൻപും ശ്രദ്ധേയനാണ്. കേരളത്തിൽ ചാരായം നിരോധിച്ചതിന്റെ മുപ്പതാം വാർഷിക ദിനത്തിൽ, "ചാരായം" (CHARAYAM) അന്താരാഷ്ട്ര വിപണിയിൽ പ്രതീകാത്മകമായി എത്തിച്ചത് ഇദ്ദേഹമായിരുന്നു. ഈ പുതിയ വിജയത്തെക്കുറിച്ച് മിഥുൻ മോഹൻ തന്റെ  കാഴ്ചപ്പാടുകൾ പങ്കുവെച്ചു: "ഈ സ്വർണ്ണ മെഡൽ നമ്മുടെ നാടിന്റെ പുരാതന പാരമ്പര്യത്തിനും ജ്ഞാനത്തിനും ലഭിച്ച ആദരവും അംഗീകാരവുമായിട്ടാണ് ഞാൻ കാണുന്നത്. ഈ നേട്ടത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ടെങ്കിലും, ഇതിനെ ഒരു വ്യക്തിഗത നേട്ടമായി കാണുന്നതിനേക്കാൾ  നമ്മുടെ നാടിൻ്റെ വിജയമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്."

നമ്മുടെ നാട്ടിൽനിന്നും കയറ്റുമതി ചെയ്യുന്ന സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചാണ്  ലോകപ്രശസ്തമായ പല ലിക്വർ ബ്രാൻഡുകളും  മദ്യം ഉണ്ടാക്കുന്നത്. എന്നാൽ അത്തരത്തിലുള്ള പല   വമ്പന്മാരെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇക്കുറി ആയുർവോഡിന് സാധിച്ചു.

ആയുർവേദവും പോളിഷ് കരവിരുതും

പുരാതനമായ രുചിക്കൂട്ടുകളും ആധുനിക സാങ്കേതികവിദ്യയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥയാണ് ആയുർവോഡിന്റെ വിജയരഹസ്യം. ഈ ഉത്പന്നം വെറുമൊരു വാണിജ്യ ഉത്പന്നം മാത്രമല്ല, മറിച്ച് രണ്ട് സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമാണെന്ന് മിഥുൻ മോഹൻ അടിവരയിടുന്നു. "ആയുർവേദ കൂട്ടുകളിൽ നിന്ന്  ഏറെ പ്രചോദനം ഉൾക്കൊണ്ടാണ് ആയുർവോഡിന്റെ കൂട്ട് തയ്യാറാക്കിയത്," മിഥുൻ വ്യക്തമാക്കി. " ഇന്ത്യൻ പാരമ്പര്യത്തിന് ജീവൻ നൽകാൻ ആവശ്യമായ സാങ്കേതിക മികവ് ഒരുക്കിത്തന്ന പോളിഷ് കരവിരുതിനോടും  ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു." വർഷങ്ങൾ നീണ്ട നിരന്തരമായ പരീക്ഷണങ്ങൾക്കും പരിഷ്കരണങ്ങൾക്കും ശേഷമാണ് ആയുർവോഡ് ഇന്നത്തെ രൂപത്തിലേക്ക് എത്തിയത്. മിഥുന്റെ അടുത്ത സുഹൃത്തും പരിചയസമ്പന്നനായ ഡിസ്റ്റിലറുമായ മാരിയൂഷിന്റെ മേൽനോട്ടത്തിലും പിന്തുണയിലുമാണ് റെസിപ്പിയുടെ അന്തിമ രൂപം തയ്യാറാക്കിയത്. ഉത്പന്നത്തിന്റെ സവിശേഷമായ ക്യാരക്ടറും ബാലൻസും കൃത്യതയോടെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സഹായം പ്രധാന പങ്കുവഹിച്ചു. 40% ആൽക്കഹോൾ അടങ്ങിയ ആയുർവോഡ് നിർമിക്കാൻ 75 ഓളം പച്ചമരുന്നുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 

ആഗോള വിപണിയിലെ വിടവ് നികത്തുന്നു

നിലവിലെ ആഗോള വിപണിയിൽ നിരവധി ബൊട്ടാണിക്കൽ മദ്യങ്ങൾ ലഭ്യമാണെങ്കിലും, ഇന്ത്യൻ പാരമ്പര്യത്തെയോ ആയുർവേദത്തെയോ ശരിയായ രീതിയിൽ ഉൾക്കൊള്ളുന്നതും ജനപ്രീതിയുള്ളതുമായ ഒരു  ഉൽപ്പന്നത്തിന്റെ കുറവ് വിപണിയിലുണ്ടായിരുന്നു എന്ന് മിഥുൻ മോഹൻ ചൂണ്ടിക്കാണിക്കുന്നു. ആ കുറവ് നികത്താനാണ് ആയുർവോഡ് സൃഷ്ടിക്കപ്പെട്ടത്. മുസിരിസിന്റെ  പാരമ്പര്യത്തിന് ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളോടും മത്സരിക്കാൻ കെൽപ്പുണ്ടെന്ന് ആയുർവോഡ് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.