ബഹ്റൈൻ വ്യോമപാത: വിമാന സർവീസുകൾ സാധാരണ നിലയിൽ തുടരുന്നതായി അധികൃതർ
ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യണിന്റെ (FIR) എയർ നാവിഗേഷൻ സിസ്റ്റത്തിന് നേരെ ആക്രമണ ശ്രമമുണ്ടായെങ്കിലും രാജ്യത്തെ വിമാന സർവീസുകൾ തടസ്സങ്ങളില്ലാതെ സാധാരണ നിലയിൽ തുടരുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) അറിയിച്ചു.
സാഹചര്യം നേരിടാൻ അംഗീകൃത സുരക്ഷാ-പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ച് അധികൃതർ ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും നാവിഗേഷൻ സേവനങ്ങളും വ്യോമഗതാഗത സുരക്ഷയും ഉറപ്പാക്കുകയും ചെയ്തിരുന്നു. രാജ്യാന്തര സംഘടനകളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുസ്ഥലങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അപലപിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരവധി ആക്രമണശ്രമങ്ങൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ രാജ്യങ്ങൾ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി മധ്യസ്ഥർ വഴി 10 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ടെഹ്‌റാനു ലഭിച്ചതായി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾ സജീവമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും സൂചിപ്പിച്ചു.