എ.ഐ മേഖലയിൽ സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും അമേരിക്കയും; സുപ്രധാന കരാറിൽ ഒപ്പുവെച്ചു

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യാ രംഗത്ത് പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ബഹ്‌റൈനും അമേരിക്കയും തമ്മിൽ സുപ്രധാന കരാർ ഒപ്പുവെച്ചു. മാനുഷിക-യുവജനകാര്യങ്ങൾക്കായുള്ള ബഹ്‌റൈൻ രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എസ് സന്ദർശനത്തിനിടയിലാണ് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓപ്പർച്യുണിറ്റീസ് പാർട്ണർഷിപ്പ്’ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

അമേരിക്കയിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ആൽ ഖലീഫ, യു.എസ് സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗ് എന്നിവരാണ് ഇരുരാജ്യങ്ങളെയും പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചത്. നവീകരണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഊർജ്ജം, അർദ്ധചാലകങ്ങൾ (Semiconductors), നൂതന കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ വികസനത്തിന് ഈ പങ്കാളിത്തം മുൻഗണന നൽകും.

നിർമ്മിത ബുദ്ധി രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വിശ്വസ്തരായ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ്മ അനിവാര്യമാണെന്ന് കരാർ വ്യക്തമാക്കുന്നു. എ.ഐ വിതരണ ശൃംഖലകൾ ശക്തമാക്കാനും ഈ രംഗത്ത് സ്വകാര്യ നിക്ഷേപങ്ങളും ഗവേഷണങ്ങളും വർദ്ധിപ്പിക്കാനും പുതിയ നീക്കം വഴിയൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സുരക്ഷാ-സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് പുതിയ പങ്കാളിത്തം. സന്ദർശനത്തിന്റെ ഭാഗമായി ശൈഖ് നാസർ ബിൻ ഹമദ് യു.എസ് ഉന്നത ഉദ്യോഗസ്ഥരുമായി പ്രതിരോധ, സാങ്കേതിക സഹകരണങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു.