ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നിയന്ത്രണം
വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള ഉച്ചവിശ്രമ നിയമം ബഹ്‌റൈൻ പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിലുള്ള പുറംജോലികൾക്കാണ് നിരോധനം. ഔദ്യോഗിക ഗസറ്റിലൂടെയാണ് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 15 വരെ നീണ്ടുനിന്ന നിരോധന കാലയളവിൽ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 31-ഓടെ ഇത്തവണ നിയന്ത്രണം അവസാനിക്കും. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ച്, ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലുടമകൾ ശ്രദ്ധിക്കാൻ:
- ജോലി സമയം വ്യക്തമാക്കുന്ന ഷെഡ്യൂൾ തൊഴിലിടങ്ങളിൽ എല്ലാവർക്കും കാണാൻ പാകത്തിൽ പ്രദർശിപ്പിക്കണം.
- തൊഴിലാളികൾക്ക് സുരക്ഷിതമായ വിശ്രമ കേന്ദ്രങ്ങളും ആവശ്യത്തിന് കുടിവെള്ളവും മറ്റ് പാനീയങ്ങളും ഉറപ്പാക്കണം.
- വായുസഞ്ചാരമുള്ള തൊഴിലിടങ്ങളും വെയിലിൽ നിന്ന് രക്ഷ നേടാൻ കുടകളും അനുയോജ്യമായ വസ്ത്രങ്ങളും നൽകണം.
ഗ്യാസ്-ഓയിൽ മേഖല, അടിയന്തര പൊതുസേവന വിഭാഗങ്ങൾ, അറ്റകുറ്റപ്പണികൾ നടത്തുന്നവർ, ബീച്ചുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും സുരക്ഷാ ജീവനക്കാർ എന്നിവർക്ക് നിബന്ധനകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ലേബർ ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തും. കഴിഞ്ഞ വർഷം 35,050 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 99.97 ശതമാനം പേരും നിയമം പാലിച്ചിരുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി