മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി ബഹ്‌റൈൻ; ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു
വരുന്ന മഴക്കാലത്തിന് മുന്നോടിയായി രാജ്യത്തെ മുന്നൊരുക്കങ്ങളും അടിയന്തര സേവന സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ബഹ്‌റൈനിൽ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്നു. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി അടിയന്തര കർമ്മസേന രൂപീകരിക്കുകയും മഴവെള്ളം വലിച്ചെടുക്കാനുള്ള സക്ഷൻ ടാങ്കറുകളും ഡ്രെയിനേജ് സംവിധാനങ്ങളും മുൻഗണനാടിസ്ഥാനത്തിൽ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
മഴക്കാലത്ത് ഉണ്ടാകുന്ന തടസ്സങ്ങളും വെള്ളക്കെട്ടുകളും നേരിടാൻ പൊതുജനങ്ങൾക്കായി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും പ്രഖ്യാപിച്ചു. പൊതുവായ പരാതികൾക്കും വെള്ളക്കെട്ടുകൾക്കും റിമോട്ട് സർവീസ് സെന്റർ നമ്പറായ 17989898 ലും, പ്രധാന റോഡുകളിലെ പ്രശ്നങ്ങൾ അറിയിക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ 17545544 എന്ന നമ്പറിലും ബന്ധപ്പെടാം.