യുഎൻ സുരക്ഷാ കൗൺസിൽ അധ്യക്ഷപദവി ഏറ്റെടുത്ത് ബഹ്‌റൈൻ; നയതന്ത്രരംഗത്ത് ചരിത്രനേട്ടം
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ (UNSC) റൊട്ടേറ്റിങ് പ്രസിഡന്റ് സ്ഥാനം ബഹ്‌റൈൻ ഔദ്യോഗികമായി ഏറ്റെടുത്തു. ഏപ്രിൽ മാസത്തേക്കാണ് ബഹ്‌റൈന് ഈ സുപ്രധാന പദവി ലഭിച്ചിരിക്കുന്നത്. 2026-2027 കാലയളവിലെ താൽക്കാലിക അംഗത്വത്തിന് പിന്നാലെ കൗൺസിലിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത് ബഹ്‌റൈന്റെ നയതന്ത്ര ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
ഈ മാസം സുരക്ഷാ കൗൺസിലിൽ നടക്കേണ്ട ചർച്ചാവിഷയങ്ങൾ തീരുമാനിക്കുന്നതിലും മുൻഗണനകൾ നിശ്ചയിക്കുന്നതിലും ബഹ്‌റൈൻ നേതൃത്വം നൽകും. സുരക്ഷാ കൗൺസിലിന്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ യോഗങ്ങൾക്കും ബഹ്‌റൈൻ പ്രതിനിധിയായിരിക്കും അധ്യക്ഷത വഹിക്കുക. അന്താരാഷ്ട്ര സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാൻ ബഹ്‌റൈൻ ഈ കാലയളവിൽ പരിശ്രമിക്കും.
സുരക്ഷാ കൗൺസിലിലെ 15 അംഗരാജ്യങ്ങൾക്കും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ മാസവും മാറിമാറിയാണ് അധ്യക്ഷസ്ഥാനം നൽകുന്നത്. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ ബഹ്‌റൈൻ സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. അധ്യക്ഷപദവി ലഭിക്കുന്നതോടെ ആഗോള തലത്തിൽ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ ബഹ്‌റൈന് സാധിക്കും.