ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ്ണ നിരോധനം; സുരക്ഷാ മുൻകരുതൽ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
ബഹ്‌റൈനിൽ ഡ്രോണുകളുടെ ഉപയോഗത്തിന് ആഭ്യന്തര മന്ത്രാലയം സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും വെല്ലുവിളികളും കണക്കിലെടുത്താണ് ഈ നിർണ്ണായക തീരുമാനം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഡ്രോണുകൾ പറത്താൻ അനുവാദമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ തുടരുന്ന ഇറാനിയൻ ആക്രമണങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ ഡിഫൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. നിരോധനം ലംഘിച്ച് പറത്തുന്ന ഡ്രോണുകളെ സുരക്ഷാ സേന തടയുകയും നശിപ്പിക്കുകയും ചെയ്യും. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും എല്ലാവരും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.