ബഹ്‌റൈനിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം നിലവിൽ വന്നു

 

ബഹ്‌റൈനിൽ 57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിർമ്മാണത്തിനും ഇറക്കുമതിക്കും വിപണനത്തിനും ഏർപ്പെടുത്തിയ നിരോധനം ഇന്ന് നിലവിൽ വന്നു. പരിസ്ഥിതി മലിനീകരണം തടയുന്നതിനും സുസ്ഥിര ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വ്യവസായ-വാണിജ്യ മന്ത്രാലയം ഈ നിയമം പ്രാബല്യത്തിലാക്കിയത്. പഴങ്ങൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്ന നേർത്ത കവറുകൾക്കും ഈ നിരോധനം ബാധകമാണ്.

57 മൈക്രോണിൽ കൂടുതൽ കനമുള്ള കവറുകൾ, പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ, ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ബദലായി ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം മെഡിക്കൽ മാലിന്യ ബാഗുകൾ, ഭക്ഷണ-ഔഷധ പാക്കേജിങ് കവറുകൾ, കയറ്റുമതി ആവശ്യങ്ങൾക്കുള്ളവ എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ നിയമം നിലവിൽ വന്നതോടെ ബേക്കറികളിൽ നിന്ന് റൊട്ടിയും മറ്റും വാങ്ങാൻ പ്ലാസ്റ്റിക്കിന് പകരം എയർടൈറ്റ് കണ്ടെയ്നറുകളും മറ്റും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സജീവ ചർച്ചകളിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.