ബഹ്‌റൈൻ കോഫി ഫെസ്റ്റിവലിന് വിജയകരമായ സമാപനം; പ്രാദേശിക സംരംഭങ്ങൾക്ക് നേട്ടം

 

സാഖിറിലെ എക്‌സിബിഷൻ വേൾഡ് ഓഫ് ബഹ്‌റൈനിൽ നടന്ന കോഫി ഫെസ്റ്റിവലിന് വിജയകരമായ സമാപനം. ഫെസ്റ്റിന്റെ ആദ്യ പതിപ്പ് തന്നെ വിജയമായതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ. പ്രാദേശിക കോഫി സംരംഭങ്ങളുടെ വർധിച്ചു വരുന്ന പ്രാതിനിധ്യം അന്താരാഷ്ട്ര ബ്രാൻഡുകൾക്കൊപ്പം ഉയർത്തിക്കാട്ടാനും, സ്പെഷ്യാലിറ്റി കോഫി വ്യവസായത്തെ അടുത്തറിയാനും സാധിച്ച ഒരു മികച്ച വേദിയായിരുന്നു ഇതെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു.

പങ്കെടുത്ത കഫേകൾ, റെസ്റ്റോറൻ്റുകൾ, വിതരണക്കാർ എന്നിവയുടെ വ്യത്യസ്തമായ വിപണന രീതികൾ സന്ദർശകർക്ക് മികച്ച അനുഭവമാണ് നൽകിയത്. മേളയിൽ കോഫി മേഖലയിലെ ഏറ്റവും പുതിയ ഉൽപന്നങ്ങളും ഉപകരണങ്ങളും നൂതനാശയങ്ങളും പ്രദർശിപ്പിക്കാൻ സഹായകമായെന്നും സന്ദർശകർ ചൂണ്ടിക്കാട്ടി. കോഫി വ്യവസായത്തിൻ്റെ മുഴുവൻ മൂല്യശൃംഖലയെക്കുറിച്ചും വ്യക്തമായ ഉൾക്കാഴ്ച നൽകാനും പഠനം, നെറ്റ് വർക്കിങ്, പങ്കാളിത്ത സാധ്യതകൾ എന്നിവയ്ക്ക് അവസരം ഒരുക്കാനും ഫെസ്റ്റിവലിന് കഴിഞ്ഞു.

ബഹ്‌റൈൻ യുവാക്കളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ ശക്തമായ സാന്നിധ്യവും ഫെസ്റ്റിവലിൽ ശ്രദ്ധേയമായിരുന്നു. പ്രാദേശിക ബ്രാൻഡുകൾ ആഗോള നിലവാരത്തിലുള്ള മത്സരക്ഷമതയും, സർഗാത്മകതയും, പ്രഫഷനൽ നിലവാരവും പ്രകടിപ്പിച്ചത് രാജ്യത്തെ കോഫി വ്യവസായത്തിൻ്റെ വളർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. ബ്രൂവിങ്, റോസ്റ്റിങ്, ടേസ്റ്റിങ് എന്നീ മേഖലകളിലെ ബഹ്‌റൈനി പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും, വളർന്നു വരുന്ന സംരംഭകർക്ക് വിപണി ആവശ്യകതകളെക്കുറിച്ചും ബിസിനസ് മോഡലുകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകാനും ഫെസ്റ്റിന് കഴിഞ്ഞു.

പ്രാദേശികവും പ്രാദേശികേതരവുമായ നൂറിലധികം കോഫി ബ്രാൻഡുകളാണ് കോഫി ഫെസ്റ്റിവലിൽ അണിനിരന്നത്. കഫേകൾ, റെസ്റ്റോറൻ്റുകൾ, വിതരണക്കാർ, ഉപകരണ കമ്പനികൾ എന്നിവർക്കായി പ്രത്യേക ഇടങ്ങൾ ഒരുക്കിയത്, സ്പെഷ്യാലിറ്റി കോഫി മേഖലയിലെ യുവ സംരംഭങ്ങൾക്ക് വലിയ പിന്തുണയായി.