ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ 2028-ലേക്ക് മാറ്റി; തീയതികൾ പ്രഖ്യാപിച്ചു
എട്ടാമത് ബഹ്റൈൻ അന്താരാഷ്ട്ര എയർഷോയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. 2026 നവംബർ 18 മുതൽ 20 വരെ സാഖിർ എയർബേസിൽ നടത്താൻ നിശ്ചയിച്ചിരുന്ന എയർഷോ 2028 നവംബർ 15 മുതൽ 17 വരെയുള്ള തീയതികളിലേക്കാണ് മാറ്റിവെച്ചത്. എയർഷോയുടെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റിയാണ് തീയതി മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
കൂടുതൽ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീയതികളിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. സന്ദർശകർക്കും പ്രദർശകർക്കും വ്യവസായ രംഗത്തെ പങ്കാളികൾക്കും എയർഷോയുടെ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ പുതിയ തീയതികൾ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
2010-ൽ തുടക്കം കുറിച്ച ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ, ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും പ്രമുഖ വേദികളിലൊന്നായി മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുൻനിര വ്യോമയാന കമ്പനികളും ഔദ്യോഗിക പ്രതിനിധികളും പങ്കെടുക്കുന്ന എയർഷോയുടെ അടുത്ത പതിപ്പിനായുള്ള ഒരുക്കങ്ങൾ വിവിധ പങ്കാളികളുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.