സ്‌കൈട്രാക്‌സ് രാജ്യാന്തര പുരസ്‌കാര തിളക്കത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം; സ്വന്തമാക്കിയത് മൂന്ന് പ്രധാന അവാർഡുകൾ
വ്യോമയാന സേവന രംഗത്തെ ആഗോള റേറ്റിംഗ് ഏജൻസിയായ സ്‌കൈട്രാക്‌സിന്റെ 2026-ലെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ മിന്നുന്ന നേട്ടവുമായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം. മൂന്ന് പ്രമുഖ പുരസ്‌കാരങ്ങളാണ് ഇത്തവണ ബഹ്‌റൈൻ എയർപോർട്ടിനെ തേടിയെത്തിയത്. 5 മുതൽ 10 ദശലക്ഷം വരെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ടിനുള്ള പുരസ്‌കാരവും മിഡിൽ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളത്തിനുള്ള ബഹുമതിയും തുടർച്ചയായി രണ്ടാം വർഷവും ബഹ്‌റൈൻ നിലനിർത്തി.
ഇതിനുപുറമെ, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട് ജീവനക്കാർക്കുള്ള അവാർഡ് നാലാം തവണയും വിമാനത്താവളത്തിന് ലഭിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ 20-ാം സ്ഥാനത്തേക്ക് ബഹ്‌റൈൻ ഉയരുകയും മിഡിൽ ഈസ്റ്റിലെ മുൻനിര മൂന്ന് വിമാനത്താവളങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. പ്രതിവർഷം 30 ദശലക്ഷം വരെ യാത്രക്കാരെ ഉൾക്കൊള്ളുന്ന എയർപോർട്ടുകളിൽ ശുചിത്വത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും ബഹ്‌റൈൻ കരസ്ഥമാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് നൽകുന്ന സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തി രാജ്യത്തിന്റെ വ്യോമമേഖലയെ അന്താരാഷ്ട്ര തലത്തിൽ മുൻപന്തിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ ഖാലിദ് ഹുസൈൻ താഖി അഭിപ്രായപ്പെട്ടു. എയർപോർട്ട് ജീവനക്കാരുടെയും വിവിധ പങ്കാളികളുടെയും അർപ്പണബോധമുള്ള പ്രവർത്തനമാണ് ഈ അംഗീകാരത്തിന് പിന്നിലെന്ന് ബി.എ.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് മുഹമ്മദ് ജനാഹി വ്യക്തമാക്കി.