ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ജി.സി.സിയിൽ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യം ബഹ്‌റൈൻ

 

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ബഹ്‌റൈൻ സ്ഥാനം നിലനിർത്തി. ജി.സി.സി ഡൊമസ്റ്റിക് വർക്കർ കോസ്റ്റ് ഇൻഡെക്സ് (ക്യു3 2026) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ഗാർഹിക തൊഴിലാളികളിൽ ഫിലിപ്പീൻസ് പൗരന്മാർക്കാണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത്. സൗദി അറേബ്യയാണ് ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ഏറ്റവും കൂടുതൽ ചെലവ് വരുന്ന രാജ്യം. കുവൈത്തിലാണ് ഏറ്റവും ഉയർന്ന സർക്കാർ ഫീസുകളുള്ളത്. ബഹ്‌റൈനിൽ പ്രാരംഭ റിക്രൂട്ട്‌മെന്റ് ചെലവ് ഏകദേശം 600 മുതൽ 900 വരെ ബഹ്‌റൈനി ദീനാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബഹ്‌റൈൻ പൗരന്മാർക്ക് ഒരു വർഷത്തേക്ക് ശരാശരി 86 ദീനാറും രണ്ട് വർഷത്തേക്ക് 118 ദീനാറുമാണ് ഫീസ് വരുന്നത്. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തേക്ക് 78.500 ദീനാറും രണ്ട് വർഷത്തേക്ക് 103 ദീനാറുമായി ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം പ്രവാസികൾക്ക് ഒരു വർഷത്തേക്ക് ശരാശരി 586 ദീനാറും രണ്ട് വർഷത്തേക്ക് 618 ദീനാറുമാണ് ചെലവ് വരുന്നത്.

ശമ്പളത്തിന്റെ കാര്യത്തിൽ, ഫിലിപ്പീൻസിൽ നിന്നുള്ള നാനുമാർക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് (ശരാശരി 195 ദീനാർ). ഫിലിപ്പീൻസ് വീട്ടുജോലിക്കാർക്ക് 155 ദീനാറാണ് ശമ്പളം. ഇന്തോനേഷ്യക്കാർക്ക് 125 ദീനാറും, ഇന്ത്യക്കാർക്ക് 115 ദീനാറും, എത്യോപ്യക്കാർക്ക് 105 ദീനാറുമാണ് ശരാശരി ശമ്പളം. ഡ്രൈവർമാരുടെ വിഭാഗത്തിൽ ഇന്ത്യക്കാരും പാകിസ്ഥാനികളുമാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് (ശരാശരി 210 ദീനാർ).