യു.എൻ ഇ-ഗവൺമെന്റ് സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ആഗോളതലത്തിൽ 14-ാം സ്ഥാനത്തേക്ക് കുതിച്ചു

 

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കാര്യ വകുപ്പ് പുറത്തിറക്കിയ 2026-ലെ ഇ-ഗവൺമെന്റ് വികസന സൂചികയിൽ ആഗോളതലത്തിൽ 14-ാം സ്ഥാനം സ്വന്തമാക്കി ബഹ്‌റൈൻ ചരിത്രപരമായ നേട്ടം കൈവരിച്ചു. 2024-ലെ റാങ്കിംഗിനെ അപേക്ഷിച്ച് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രാജ്യം, ഏറ്റവും ഉയർന്ന റേറ്റിംഗുള്ള രാജ്യങ്ങളുടെ പട്ടികയിൽ തങ്ങളുടെ സ്ഥാനം ഭദ്രമാക്കി. 0.9420 എന്ന മികച്ച മൊത്തത്തിലുള്ള സൂചികാ സ്കോർ കരസ്ഥമാക്കിയ ബഹ്‌റൈൻ, മൂല്യനിർണ്ണയത്തിന്റെ എല്ലാ പ്രധാന വിഭാഗങ്ങളിലും വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ ലഭ്യതയും നിലവാരവും അളക്കുന്ന ഓൺലൈൻ സർവീസ് സൂചികയിൽ 14 സ്ഥാനങ്ങൾ മുന്നേറി 0.9552 സ്കോറോടെ ബഹ്‌റൈൻ ആഗോളതലത്തിൽ ഒൻപതാം സ്ഥാനത്തെത്തി. ഇതിനുപുറമെ, ഇ-പാർട്ടിസിപ്പേഷൻ സൂചികയിൽ ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും രാജ്യത്തിന് സാധിച്ചു. ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, ഇ-ഗവൺമെന്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനം വിലയിരുത്തുന്ന ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 0.9980 സ്കോറോടെ ബഹ്‌റൈൻ ആഗോളതലത്തിൽ നാലാം സ്ഥാനത്തേക്കും ഉയർന്നു.

നഗരതലത്തിലുള്ള ഡിജിറ്റൽ വികസനം വിലയിരുത്തുന്ന ലോക്കൽ ഓൺലൈൻ സർവീസ് സൂചികയിൽ 2024-നേക്കാൾ 12 സ്ഥാനങ്ങൾ മുന്നേറി തലസ്ഥാന നഗരമായ മനാമ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയതും ഇരട്ടിമധുരമായി. യു.എൻ ഇ-ഗവൺമെന്റ് റിപ്പോർട്ടുകളുടെ ചരിത്രത്തിൽ ബഹ്‌റൈൻ ഇതുവരെ കൈവരിച്ച ഏറ്റവും മികച്ച നേട്ടമാണിത്. ഡിജിറ്റൽ സർക്കാർ സേവനങ്ങളിലെ തുടർച്ചയായ നവീകരണം, ഏകീകൃത ദേശീയ സംവിധാനങ്ങൾ, ആധുനിക സാങ്കേതികവിദ്യകളുടെ ഫലപ്രദമായ വിനിയോഗം, ബഹ്‌റൈൻ വിദഗ്ധരുടെ പ്രാവീണ്യം എന്നിവയാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ.