പുതിയ അധ്യയന വർഷത്തിനൊരുങ്ങി ബഹ്‌റൈൻ: സ്‌കൂളുകൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

 

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്‌കൂളുകൾക്കായി സമഗ്രമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ രാവിലെയുള്ള അസംബ്ലികൾ ഇൻഡോർ ഹാളുകളിലേക്ക് മാറ്റാൻ മന്ത്രാലയം നിർദേശിച്ചു. 2026-2027 അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ എല്ലാ സ്‌കൂളുകളിലും പ്രത്യേക സ്വീകരണ പരിപാടികളും ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കും.

വിവിധ വിഭാഗങ്ങളിലെ സ്‌കൂൾ സമയക്രമത്തിലും കൃത്യത വരുത്തിയിട്ടുണ്ട്. പ്രൈമറി വിദ്യാർത്ഥികൾക്ക് രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 12.35 വരെയും, ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്ക് 1.15 വരെയുമാണ് ക്ലാസുകൾ. സെക്കൻഡറി, വൊക്കേഷണൽ വിദ്യാർത്ഥികൾക്ക് രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 1.45 വരെയും വൈകുന്നേരങ്ങളിൽ 2.00 മുതൽ രാത്രി 7.30 വരെയുമാണ് സമയം. റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 1.45 വരെയായിരിക്കും സമയം.

ഒന്നാം വർഷ പ്രൈമറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക പരിപാടികൾ ഒരുക്കും. സെപ്റ്റംബർ മൂന്നാം ആഴ്ചയോടെ മുഴുവൻ വിദ്യാർത്ഥികളെയും ക്ലാസുകളിൽ ഉറപ്പാക്കണമെന്നും ടൈംടേബിളും പാഠപുസ്തക വിതരണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.