അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി ബഹ്റൈൻ; ലക്ഷ്യമിട്ടത് സിവിലിയൻ വ്യവസായ കേന്ദ്രമെന്ന് വ്യക്തമാക്കി
രാജ്യത്തെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ (ഐ.ആർ.ജി.സി) അവകാശവാദം പൂർണ്ണമായും തള്ളി ബഹ്റൈൻ. വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടത് ഒരു സിവിലിയൻ വ്യവസായ കേന്ദ്രമാണെന്ന് ബഹ്റൈൻ ഔദ്യോഗികമായി വ്യക്തമാക്കി. ശനിയാഴ്ച (നവംബർ 21) നടന്ന ആക്രമണത്തെ തുടർന്ന് വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടാവുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തെങ്കിലും, തീ നിയന്ത്രണവിധേയമാക്കിയ അധികൃതർ സാധാരണക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഐ.ആർ.ജി.സിയുടെ ഈ നടപടി സാധാരണക്കാരുടെ ജീവന് നേരിട്ടുള്ള ഭീഷണിയാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്നും, മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അപകടത്തിലാക്കുന്ന ഗുരുതരമായ പ്രകോപനമാണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ബഹ്റൈനിലെ അൽ-റിഫ, അവാലി താവളങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്നും യു.എസ് സൈന്യത്തിന്റെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ രണ്ട് റഡാറുകൾ തകർത്തെന്നുമാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടത്. ഇറാന്റെ വ്യോമാതിർത്തി ലംഘിക്കുന്ന ഏതൊരു നീക്കത്തിനും കർശനവും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആക്രമണത്തെ ന്യായീകരിക്കാൻ റെവല്യൂഷണറി ഗാർഡ്സ് നിരത്തുന്ന കാരണങ്ങളെല്ലാം തള്ളിക്കളഞ്ഞ ബഹ്റൈൻ, ആക്രമിക്കപ്പെട്ടത് തികച്ചും സിവിലിയൻ വ്യവസായ കേന്ദ്രമാണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി. മറ്റ് കക്ഷികളുമായുള്ള തർക്കങ്ങളെ മറയാക്കി അയൽരാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന നയം ഇറാൻ അവസാനിപ്പിക്കണമെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.
സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇറാനെ നിർബന്ധിതരാക്കുന്ന 2026-ലെ പ്രമേയം നമ്പർ 2817 പൂർണ്ണമായും നടപ്പിലാക്കാൻ യു.എൻ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് ബഹ്റൈൻ വീണ്ടും ആവശ്യപ്പെട്ടു. കൂടാതെ, ഹോർമുസ് കടലിടുക്കിലും ബാബ് അൽ-മന്ദബിലും സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും, നിഴൽ സംഘടനകൾക്കുള്ള പിന്തുണ ഇറാൻ അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ കൗൺസിൽ പ്രമേയവും അനുസരിച്ച് നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകാൻ ഇറാനെ ഉത്തരവാദിയാക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.