ഫോർമുല വൺ 2027 സീസണിന് ബഹ്‌റൈൻ വേദിയാകും; ആദ്യ സ്പ്രിന്റ് റേസിനും തുടക്കം
Updated: Sep 18, 2026, 18:06 IST
ഫോർമുല വൺ 2027 സീസണിന്റെ ഉദ്ഘാടന മത്സരത്തിനും പ്രീ-സീസൺ ടെസ്റ്റിംഗിനും ബഹ്‌റൈൻ വേദിയാകുമെന്ന് എഫ്.വണ്ണും എഫ്.ഐ.എയും പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ 14 വരെ സാഖീറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലാണ് സീസണിലെ ആദ്യ മത്സരം നടക്കുക. ഇതിന് മുന്നോടിയായി ഫെബ്രുവരി 24 മുതൽ 27 വരെ പ്രീ-സീസൺ ടെസ്റ്റിംഗും ഇവിടെ നടക്കും. ചരിത്രത്തിൽ ഏഴാം തവണയാണ് ബഹ്‌റൈൻ സീസൺ ഓപ്പണറിന് വേദിയാകുന്നത്.
ചരിത്രത്തിലാദ്യമായി ബഹ്‌റൈൻ ഒരു 'സ്പ്രിന്റ് റേസിനും' ഇത്തവണ സാക്ഷ്യം വഹിക്കും. പ്രീ-സീസൺ ടെസ്റ്റിംഗും സീസൺ ഓപ്പണറും ആദ്യ സ്പ്രിന്റ് റേസും സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് സൽമാൻ ബിൻ ഈസ ആൽ ഖലീഫ പറഞ്ഞു. വേൾഡ് മോട്ടോർസ്‌പോർട് കൗൺസിൽ അംഗീകരിച്ച 2027-ലെ കലണ്ടറിൽ ആകെ 24 റേസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.