ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മടങ്ങിയെത്തി

 

ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജ്യത്ത് തിരിച്ചെത്തി. ഈജിപ്തിലെ കെയ്റോയിൽ നടന്ന പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജാവ് മടങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി നേരിട്ടെത്തിയാണ് രാജാവിന് യാത്രയയപ്പ് നൽകിയത്. നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ഹമദ് രാജാവ് ഈജിപ്ഷ്യൻ പ്രസിഡന്റിന് സന്ദേശമയച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഈജിപ്ത് നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും ഹമദ് രാജാവിനൊപ്പം യാത്രസംഘത്തിലുണ്ടായിരുന്നു. ബഹ്റൈനിൽ തിരിച്ചെത്തിയ രാജാവിനെയും സംഘത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.