ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ശ്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി ചർച്ചക്കെത്തിയ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് ത്രിവേദിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത് . ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്.
ബംഗ്ലദേശിൽ തിരിച്ചെത്തുമെന്നും രാജ്യത്തെ ശരിയായ വഴിയിലേക്ക് നയിക്കുമെന്നും കഴിഞ്ഞ 5ന് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത് അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. ഇന്ത്യയ്ക്ക് ഇതുമായി ബന്ധമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കിയത്. വിദ്യാർഥി നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയെ വധിച്ചവരെ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു.
2024ൽ ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് 20 വർഷത്തെ ഭരണത്തിന് വിരാമമിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.