ഷെയ്ഖ് ഹസീന മടങ്ങിയെത്തിയാല്‍ അറസ്റ്റ് ഉറപ്പെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ. ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ ഹസീന നീക്കം നടത്തുന്നതിനിടെയാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ കഴിയുന്ന ഹസീനയെ തിരിച്ചെത്തിക്കാൻ നിലവിലുള്ള കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ന്യൂഡൽഹി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ സഹമന്ത്രി ഷാമ ഒബൈദ് ഇസ്ലാം പറഞ്ഞു.
2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ടതോടെയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയുടെ അഭാവത്തിലായിരുന്നു വിചാരണയും വിധിയും.
ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയ്ക്ക് പലതവണ കത്തയച്ചിട്ടുണ്ട്. നിലവിലുള്ള കൈമാറ്റ കരാർ പ്രകാരം ഹസീനയെ തിരിച്ചെത്തിക്കണമെന്നാണ് ധാക്കയുടെ ആവശ്യം. അതേസമയം, ബംഗ്ലാദേശിന്റെ കൈമാറൽ ആവശ്യം പരിശോധിച്ചുവരികയാണെന്ന് ഇന്ത്യ 2026 ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. പുതിയ പ്രതികരണത്തോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കിടെ ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷങ്ങളും തെരുവ് അക്രമങ്ങളും വർധിക്കുകയാണ്. ഡിസംബറിലെ മടക്കനീക്കം രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.