ബംഗ്ലാദേശി സഹോദരങ്ങളുടെ മരണം: കാറിനുള്ളിൽ കാർബൺ മോണോക്സൈഡ് വിഷവാതകം നിറഞ്ഞതെന്ന് സ്ഥിരീകരണം
ഒമാനിലെ അൽ മസ്നഹ വിലായത്തിൽ ഒരേ കുടുംബത്തിലെ നാല് ബംഗ്ലാദേശി സഹോദരങ്ങൾ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് റോയൽ ഒമാൻ പൊലീസ്. വാഹനം സ്റ്റാർട്ട് ചെയ്തു കിടന്നപ്പോൾ എക്സോസ്റ്റിൽ നിന്നും പുറന്തള്ളിയ മാരകമായ കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചതാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന് തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് സ്ഥിരീകരിച്ചു.
അടച്ചിട്ട സ്ഥലങ്ങളിൽ വാഹനം ദീർഘനേരം സ്റ്റാർട്ട് ചെയ്തിടുന്നത് മാരകമായ വിഷവാതകം ശ്വസിച്ച് ശ്വാസതടസ്സമുണ്ടാകാൻ കാരണമാകുമെന്നും, അതിനാൽ വാഹനങ്ങൾ ഓൺ ചെയ്തിട്ട് അതിനുള്ളിൽ ഉറങ്ങുന്ന ശീലം പൊതുജനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
തെക്കൻ ബാതിനയിലെ മസ്നഹ വിലായത്തിലെ മുലദ്ദയിൽ ചൊവ്വാഴ്ച രാത്രിയാണ് പ്രവാസി ലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. ബംഗ്ലാദേശിലെ ചത്തോഗ്രാം ജില്ലയിലെ രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ് (35), മുഹമ്മദ് ഷഹദ് (32), മുഹമ്മദ് സിറാജ് (27), മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് മരണപ്പെട്ടത്. മരിച്ചവരിൽ ഒരാൾ നിസ്‌വയിലും മറ്റൊരാൾ സുവൈഖിലും ബാക്കി രണ്ടുപേർ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്. ഇവരിൽ ഇളയ സഹോദരന്മാരായ സിറാജ്, ഷാഹിദ് എന്നിവർ സ്വന്തം വിവാഹാവശ്യങ്ങൾക്കായി വരുന്ന വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് വിധി മരണത്തിന്റെ രൂപത്തിൽ എത്തിയത്.
ചൊവ്വാഴ്ച നാല് സഹോദരന്മാരും ഒന്നിച്ച് കാറിൽ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയതായിരുന്നു. തുടർന്ന് കാർ മുലദ്ദയിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട നിലയിലായിരുന്നു. അർധരാത്രി ഒരുമണിയോടെ പ്രദേശത്തെത്തിയ മറ്റ് രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ് നാലുപേരെയും കാറിനകത്ത് ബോധരഹിതരായ നിലയിൽ കണ്ടെത്തിയതും ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചതും. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണപ്പെട്ടവരിൽ മുഹമ്മദ് റാഷിദും മുഹമ്മദ് ഷഹദും വിവാഹിതരാണ്.