ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ ജാഗ്രത വേണം: ദുബായ് പോലീസ്
താൽക്കാലിക ഗാർഹിക തൊഴിലാളികളെയും മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും നിയമിക്കുമ്പോൾ ലൈസൻസുള്ള അംഗീകൃത ഏജൻസികളെ മാത്രം ആശ്രയിക്കണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വീടുകളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, ജോലിക്ക് നിർത്തുന്നതിന് മുൻപ് ഇവരുടെ തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് ക്രൈം പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
അപരിചിതരെയും അനുമതിയില്ലാത്തവരെയും വീടുകളിൽ പ്രവേശിപ്പിക്കരുത്. താൽക്കാലിക തൊഴിലാളികൾ ഉള്ളപ്പോൾ പണം, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ എളുപ്പത്തിൽ കാണുന്ന രീതിയിൽ വെക്കാതെ സുരക്ഷിതമായി പൂട്ടി സൂക്ഷിക്കണം. കുട്ടികളെയും പ്രായമായവരെയും ഇത്തരം തൊഴിലാളികൾക്കൊപ്പം തനിച്ചാക്കരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ നിരീക്ഷണം വേണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.
ഗാർഹിക തൊഴിലാളികളുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ പെരുമാറ്റമുണ്ടായാൽ 'ദുബായ് പോലീസ് സ്മാർട്ട് ആപ്പ്' വഴിയോ അതിലെ 'പോലീസ് ഐ' (Police Eye) സേവനം വഴിയോ വിവരമറിയിക്കാം. അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.