ബഹ്റൈനിൽ ഫുഡ് ട്രക്ക് സോൺ സ്ഥാപിക്കാൻ കാപിറ്റൽ ട്രസ്റ്റീസ് ബോർഡിന്റെ അംഗീകാരം

 

തലസ്ഥാനത്തെ ഫുഡ് ട്രക്ക് ബിസിനസുകൾക്ക് ചിട്ടയും കേന്ദ്രീകൃത സ്വഭാവവും നൽകുന്നതിനായി, ഒരു പ്രത്യേക ഫുഡ് ട്രക്ക് സോൺ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗീകാരം നൽകി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 'ഫുഡ് ട്രക്ക് ബഹ്റൈൻ' എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുക. ദുബായിലെ ലാസ്റ്റ് എക്‌സിറ്റ് പോലുള്ള വിജയകരമായ മാതൃകകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പദ്ധതി. നിലവിലുള്ള പൊതു-സ്വകാര്യ ഭൂമിയിൽ ഈ കേന്ദ്രം സ്ഥാപിക്കും. വിൽപ്പനക്കാർക്ക് സ്ഥലം വാടകയ്ക്കെടുത്തും യൂട്ടിലിറ്റി സേവനങ്ങൾ ഉപയോഗിച്ചും പ്രവർത്തിക്കാൻ സൗകര്യമുണ്ടാകും. ഓരോ വിൽപ്പന കേന്ദ്രത്തിലും വൈദ്യുതി, വെള്ളം, അഴുക്കുചാൽ കണക്ഷനുകൾ എന്നിവ ഒരുക്കുന്നതോടൊപ്പം, നിയന്ത്രിത രീതിയിലുള്ള മലിനജല നിർമാർജന സംവിധാനവും റീസൈക്ലിങ്ങിനായി സ്മാർട്ട് ബിന്നുകളും സ്ഥാപിക്കും. ലൈസൻസുകൾ നൽകുന്നതിന് ഒരൊറ്റ റെഗുലേറ്റർ ഉണ്ടാകും, ഇത് ലൈസൻസിംഗ് നടപടികൾ ഏകീകരിക്കും.

ഇരിപ്പിടങ്ങൾ, ലൈറ്റിങ്, അലങ്കാരങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, ശുചീകരണം, ഇവന്റുകൾ എന്നിവയുടെ നടത്തിപ്പും മേൽനോട്ടവും ഓപ്പറേറ്റർ വഹിക്കും. സി.സി.ടി.വി നിരീക്ഷണവും സിവിൽ ഡിഫൻസുമായി സഹകരിച്ചുള്ള അടിയന്തര പ്രതികരണ സംവിധാനങ്ങളും ഉണ്ടാകും. ബഹ്റൈനി തനിമയിലുള്ള രൂപകൽപ്പനയും പ്രാദേശിക ഉത്പന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കുമുള്ള വിപണന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാകും. ചെറുകിട, ഇടത്തരം സംരംഭകർക്ക് സ്ഥിരമായ ഒരു വ്യാപാര കേന്ദ്രം നൽകാനും, കുടുംബങ്ങൾ, യുവാക്കൾ, ജി.സി.സി സന്ദർശകർ എന്നിവരെ ആകർഷിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു. ഈ പദ്ധതിയിലൂടെ സർക്കാരിന് ഭൂമി പാട്ടവരുമാനമായും ഓപ്പറേറ്റർക്ക് വാടക, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെയും വരുമാനം ലഭിക്കുമെന്നും, യുവ ബഹ്റൈനികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.