ചെങ്കടലിൽ ബോട്ട് തകർന്നു: അഞ്ച് സൗദി പൗരന്മാരെ ബോർഡർ ഗാർഡ് രക്ഷപ്പെടുത്തി

 

ചെങ്കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് തകർന്ന് അപകടത്തിൽപ്പെട്ട അഞ്ച് സൗദി പൗരന്മാരെ സൗദി ബോർഡർ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. യാംബുവിന് സമീപം വെച്ചുണ്ടായ അപകടത്തിൽ ബോർഡർ ഗാർഡിന്റെ സമുദ്ര സുരക്ഷാ വിഭാഗം നടത്തിയ വേഗത്തിലുള്ള തിരച്ചിലിലാണ് ഇവരെ കണ്ടെത്തി സുരക്ഷിതമായി കരയിലെത്തിച്ചത്.

രക്ഷപ്പെടുത്തിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നതടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമായി പിന്തുടരണമെന്നും ബോർഡർ ഗാർഡ് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. യാത്രയ്ക്ക് മുൻപ് ബോട്ടിലെ സാങ്കേതിക സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.

തീരദേശങ്ങളിൽ 24 മണിക്കൂറും പട്രോളിങ്ങും റെസ്ക്യൂ ടീമുകളുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സഹായത്തിന് മക്ക, മദീന, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിൽ 994 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് മദീന ഡയറക്ടറേറ്റ് വ്യക്തമാക്കി.