തൊഴിലാളികൾക്ക് കൈത്താങ്ങായി ‘നന്മയുടെ ബസ്’; ഇഫ്താർ ഭക്ഷണപ്പൊതികളുമായി ജി.ഡി.ആർ.എഫ്.എ
ദുബായ് നഗരത്തിന്റെ വികസനത്തിൽ കരുത്തായി മാറുന്ന തൊഴിലാളികൾക്ക് റമദാൻ മാസത്തിൽ സ്നേഹസ്പർശവുമായി ‘ഗുഡ്‌നെസ് ബസ്’ (നന്മയുടെ ബസ്) വീണ്ടും പര്യടനം ആരംഭിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) നേതൃത്വത്തിലാണ് ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്ന ഈ സദ്‌പ്രവൃത്തി നടപ്പിലാക്കുന്നത്. ബൈത്തുൽ ഖൈർ സൊസൈറ്റി, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ഈ സംരംഭം.
തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന അൽഖൂസ്, വർസാൻ, ജബൽ അലി, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP), മുഹൈസിന, അൽ തായ് തുടങ്ങിയ മേഖലകളിലെ ലേബർ ക്യാമ്പുകളിൽ ബസ് നേരിട്ടെത്തി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു. ഓരോ ദിവസവും നിശ്ചിത സമയക്രമത്തിൽ ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് ഈ ബസിലൂടെ തൊഴിലാളികൾക്ക് കൈമാറുന്നത്.
റമദാന്റെ വിശുദ്ധിയിൽ സഹാനുഭൂതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ‘ഈ റമദാനിൽ... നൽകാം, പങ്കിടാം, സേവിക്കാം’ എന്ന സന്ദേശവുമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചാണ് ഗുഡ്‌നെസ് ബസിന്റെ യാത്ര. മുൻ വർഷങ്ങളിലും പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച ഈ പദ്ധതി ഇത്തവണയും വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.