സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

 

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും സൗദിയിൽ നഴ്സുമാരായി ജോലി ചെയ്യുകയായിരുന്നു.

തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിയായ ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. വാഹനമോടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചു. മരിച്ച നാല് പേരും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു.

മക്ക മേഖലയിലെ അൽഗഫ, അൽവ ഡിസ്‌പെൻസറികളിലായിരുന്നു ഇവരുടെ ജോലി. അവധി ദിവസമായതിനാൽ ഷോപ്പിംഗിനായി 100 കിലോമീറ്റർ അകലെയുള്ള റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.