ഒമാൻ കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ നാഷണൽ ഗാർഡ്

 

ഒമാൻ കടലിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 22 ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. കപ്പലിന് തീപിടിച്ചതായി ജീവനക്കാരിൽ നിന്ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് യു.എ.ഇ കോസ്റ്റ് ഗാർഡിന്റെ പ്രത്യേക രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സ്ഥലത്തെത്തി ദ്രുതഗതിയിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു.

കപ്പലിലുണ്ടായിരുന്ന ജീവനക്കാർ അറബ് പൗരന്മാരാണെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസവും അറേബ്യൻ ഉൾക്കടലിൽ തീപിടിച്ച 'എം.ടി ജെം നമ്പർ 2' (MT GEM No. 2) എന്ന എണ്ണക്കപ്പലിൽ നിന്ന് 22 ഇന്ത്യൻ ജീവനക്കാരെ യു.എ.ഇ കോസ്റ്റ് ഗാർഡ് സമാനമായ രീതിയിൽ രക്ഷപ്പെടുത്തിയിരുന്നു.

അതേസമയം, മേഖലയിൽ സംഘർഷ സാധ്യത തുടരുന്നതിനിടെ ഇറാന്റെ ബന്ദർ അബ്ബാസ്, സിരിക്, ജസക്, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ ഹോർമൂസ് കടലിടുക്കിൽ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടതിയതായും വിവരമുണ്ട്. ഇതിനിടെ, സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ ആക്രമണ ശ്രമം സൗദി സഖ്യസേന വിജയകരമായി തകർത്തു. ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ തിരിച്ചടിയിൽ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.