ഹോർമുസ് കടലിടുക്കിലേക്ക് ഇന്ത്യൻ നാവികരെ അയക്കരുത്:ഷിപ്പിംഗ് കമ്പനികൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

 

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ വിന്യസിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സർക്കാർ നിർദേശം നൽകി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് കപ്പലുടമകൾക്കും ഷിപ്പ് മാനേജർമാർക്കും നാവികരെ നിയമിക്കുന്ന ആർപിഎസ്എൽ കമ്പനികൾക്കും ഈ നിർദേശം നൽകിയിരിക്കുന്നത്. ഇനി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോർമുസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയമിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.

ഗൾഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ നാവികരുടെ ജീവനും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.അതോടൊപ്പം പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, സമീപ സമുദ്രമേഖലകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നാവിക മുന്നറിയിപ്പുകൾ തുടർച്ചയായി നിരീക്ഷിക്കുക, അന്താരാഷ്ട്ര കപ്പൽ-തുറമുഖ സുരക്ഷാ ചട്ടങ്ങൾ (ISPS Code) കർശനമായി പാലിക്കുക, അടിയന്തര സാഹചര്യം ഉണ്ടായാൽ മാരിടൈം ഡൊമെയ്ൻ അവയർനസ് സെന്ററിന്റെ സഹായം തേടുക തുടങ്ങിയ നിർദേശങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.