ചാലറ്റുകളും വിശ്രമകേന്ദ്രങ്ങളും വാടകയ്‌ക്കെടുത്ത് മറിച്ച് നൽകരുത്; കർശന മുന്നറിയിപ്പുമായി കുവൈത്ത്
Jun 17, 2026, 17:55 IST
ചാലറ്റുകളും വിശ്രമകേന്ദ്രങ്ങളും (Rest Houses) വാടകയ്‌ക്കെടുത്ത് മറ്റുള്ളവർക്ക് മറിച്ച് നൽകരുതെന്ന് കുവൈത്ത് ധനകാര്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായി ലൈസൻസ് അനുവദിച്ചിട്ടുള്ള സൈറ്റുകൾ ഏത് ആവശ്യത്തിനാണോ അനുവദിച്ചത്, അതിനായി മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യവസ്ഥകൾ ലംഘിച്ച് ചാലറ്റുകളും വിശ്രമകേന്ദ്രങ്ങളും സബ്‌ലീസ് നൽകുന്നതായി കണ്ടെത്തിയാൽ മുൻകൂർ അറിയിപ്പ് കൂടാതെ തന്നെ ലൈസൻസ് റദ്ദാക്കുമെന്നും, പ്രസ്തുത സൈറ്റിൽ നിന്ന് ഉടനടി ഒഴിപ്പിക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.