കുട്ടിക്കളിയല്ല കുട്ടികളുടെ ഓൺലൈൻ ഷോപ്പിങ്; മാതാപിതാക്കളുടെ മേൽനോട്ടം വേണമെന്ന് ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ
സ്മാർട്ട്‌ഫോണുകൾ, ഫുഡ് ഡെലിവറി ആപ്പുകൾ, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഷാർജ ഫാമിലി ആൻഡ് കമ്യൂണിറ്റി കൗൺസിലിന് കീഴിലുള്ള ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ (CSO) ഓർമ്മിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യ നൽകുന്ന സൗകര്യങ്ങൾ ഒരിക്കലും കുടുംബത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിന് പകരമാകരുതെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്ഷണ വിതരണവും ഓൺലൈൻ ഷോപ്പിങ്ങും ഇന്ന് കുടുംബജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാൽ, കുട്ടികൾ സ്വന്തമായി ഈ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അവർക്ക് എന്തൊക്കെ ഓർഡർ ചെയ്യാം, എങ്ങനെ പണം നൽകാം, അപരിചിതരായ ഡെലിവറി ജീവനക്കാരിൽ നിന്ന് വീട്ടിൽ സാധനങ്ങൾ കൈപ്പറ്റാൻ അനുവാദമുണ്ടോ എന്നതിനെക്കുറിച്ച് മാതാപിതാക്കൾ വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കണം.
ചില കുട്ടികൾ മാതാപിതാക്കളുടെ അറിവോ അനുവാദമോ ഇല്ലാതെ ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഓർഡർ ചെയ്യാൻ ഫോൺ ഉപയോഗിക്കുകയും, സാധനങ്ങൾ എത്തുമ്പോൾ സ്വന്തമായി കൈപ്പറ്റാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ശീലങ്ങൾ കുടുംബങ്ങൾ കർശനമായി ശ്രദ്ധിക്കണം. മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഓൺലൈൻ ഷോപ്പിങ്ങും ഡെലിവറിയും നടക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
ആപ്പുകളിലെ പെട്ടെന്നുള്ള പർച്ചേസുകൾ അപകടം
സാധനങ്ങൾ വാങ്ങുക, വിലാസം നൽകുക, വീടിന് പുറത്തുള്ള ഒരാളോട് ഇടപഴകുക എന്നിവ പോലെ മുമ്പ് മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം നടന്നിരുന്ന കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ആപ്പുകൾ ഇപ്പോൾ കുട്ടികളെ അനുവദിക്കുന്നുണ്ടെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സാലിഹ് അൽ യാഫെ ചൂണ്ടിക്കാട്ടി. സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ബോധവും പരിചയവും ഉണ്ടാകുന്നതിന് മുമ്പ് കുട്ടികൾക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:
- കുട്ടികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിലെ ആപ്പ് ക്രമീകരണങ്ങൾ (Parental Controls) കൃത്യമായി പരിശോധിക്കുക.
- ഫോണുകളിലും ഷോപ്പിങ് ആപ്പുകളിലും ബാങ്ക് കാർഡ് വിവരങ്ങൾ സ്ഥിരമായി സേവ് ചെയ്യുന്നത് ഒഴിവാക്കുക.
- സുരക്ഷാ പാസ്‌വേഡുകളോ ഒ.ടി.പി സ്ഥിരീകരണമോ ഇല്ലാതെ പെട്ടെന്ന് പണം നൽകാൻ കഴിയുന്ന (One-click Payment) ഓപ്ഷനുകൾ ഫോണുകളിൽ ഡിസേബിൾ ചെയ്യുക.