കുട്ടികളുടെ വാക്സിൻ കൃത്യസമയത്ത് എടുക്കണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

 

കുട്ടികളുടെ വാക്സിനേഷനുകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലും അത് വൈകിപ്പിക്കരുതെന്നും രക്ഷിതാക്കളോട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി വാക്സിനേഷൻ സമയബന്ധിതമായി നൽകാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഫിസിഷ്യൻ ഡോ. സഹ്റ അയൂബ് വ്യക്തമാക്കി.

വാക്സിനുകൾ വ്യക്തികളെ മാത്രമല്ല, സമൂഹത്തെയാകെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതാണെന്ന് അവർ പറഞ്ഞു. വാക്സിനേഷൻ കവറേജ് വർദ്ധിക്കുന്നത് രോഗവ്യാപനം തടയുന്നതിനും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പരോക്ഷമായ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.

ബഹ്‌റൈനിലെ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ കുട്ടികൾക്ക് ആവശ്യമായ വാക്സിനേഷനുകൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിലും അവയുടെ ഡിജിറ്റൽ റെക്കോർഡുകൾ കൃത്യമായി സൂക്ഷിക്കുന്നതിലും നിർണായക പങ്കാണ് വഹിക്കുന്നത്. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കുമായി സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളെ ആശ്രയിക്കാതെ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പോലുള്ള ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഡോ. സഹ്റ അയൂബ് കൂട്ടിച്ചേർത്തു.