ഇന്ത്യയുടെ ടെലികോം നയങ്ങൾക്കെതിരെ ലോക വ്യാപാര സംഘടനയെ സമീപിച്ച് ചൈന

 

ടെലികോം മേഖലയിലെ ഇന്ത്യയുടെ താരിഫ് നയങ്ങൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ (WTO) പരാതി നൽകി ചൈന. ഇന്ത്യ നടപ്പിലാക്കുന്ന ടെലികോം താരിഫുകൾ തെറ്റായ രീതിയിലുള്ളതാണെന്നും ഇത് അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനീസ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച കേസ് ഫയൽ ചെയ്തത്.

ഇന്ത്യയുടെ നിലവിലെ താരിഫുകളും സബ്‌സിഡി നയങ്ങളും ആഭ്യന്തര കമ്പനികൾക്ക് അനാവശ്യമായ മുൻതൂക്കം നൽകുന്നതാണെന്ന് ചൈന ആരോപിക്കുന്നു. ഇത്തരം നടപടികൾ ചൈനീസ് കമ്പനികളുടെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും ഡബ്ല്യു.ടി.ഒയുടെ (WTO) നിബന്ധനകൾക്ക് വിരുദ്ധമാണെന്നും ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വ്യാപാര രംഗത്തെ തെറ്റായ പ്രവണതകൾ തിരുത്താനും ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾ പാലിക്കാനും ഇന്ത്യ തയ്യാറാകണമെന്ന് ചൈന അഭ്യർത്ഥിച്ചു. അതിർത്തിയിലെ തർക്കങ്ങൾക്കും ആപ്പുകളുടെ നിരോധനത്തിനും പിന്നാലെ സാമ്പത്തിക-വ്യാപാര മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് കടുക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.